കുമരകം: കുമരകം കോട്ടത്തോട്ടിൽ ഇന്നലെ വള്ളം മുങ്ങി അപകടത്തിൽപ്പെട്ട പാമ്പാടിത്തറ പി.ജെ. ജോസഫി (93 )നെ രക്ഷിക്കാനുള്ള അയൽവാസികളുടെ ശ്രമം പരാജയപ്പെടാൻ കാരണം തോട്ടിൽ തിങ്ങിനിറഞ്ഞുകിടക്കുന്ന പോളയെന്ന് സമീപവാസികൾ.
കുമരകം മത്സരവള്ളം കളി ആരംഭിക്കുന്ന സ്ഥലത്ത് വയോധികൻ വെള്ളത്തിൽ വീഴുന്നത് അയൽവാസിയായ പെൺകുട്ടി കണ്ടു ബഹളംവച്ചതോടെ രഞ്ജിത്ത് (മുത്ത്) കരീത്ര, പ്രമോദ് മാളേക്കൽ, ബേബി ഇടച്ചിറ എന്നിവർ തോട്ടിലേക്കു ചാടി. മറുകരയിലായിരുന്നു ജോസഫ് അപകടത്തിൽപ്പെട്ടത്. പോളക്കൂട്ടം വകഞ്ഞുമാറ്റേണ്ടിവന്നതിനാൽ വേഗത്തിൽ അപകടസ്ഥലത്തെത്താൻ കഴിഞ്ഞില്ല. വള്ളം മുങ്ങിയ സ്ഥലത്തെത്തി പോളയ്ക്കടിയിൽ ഏറെനേരം തെരച്ചിൽ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
കോട്ടയത്തുനിന്നു ഫയർഫോഴ്സെത്തി തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടനാടിന്റെ ശാപമായ ജർമൻപോള ഒരു മനുഷ്യജീവൻ നഷ്ടപ്പെടുത്താനും കാരണമായി. അപകടസ്ഥലത്ത് കോട്ടത്തോട്ടിൽ ഒരു പാലമുണ്ട്, മാളേക്കൽ പാലം. ആ പാലം നിലം പൊത്താറായിട്ട് വർഷങ്ങളായി. പ്രദേശവാസികൾ പാലം സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു മുട്ടാത്ത വാതിലുകളില്ല. ഈ പാലത്തിന്റെ ദയനീയാവസ്ഥകാരണമാണ് രക്ഷാപ്രവർത്തകർക്ക് നീന്തി അപകടസ്ഥലത്ത് എത്തേണ്ടി വന്നത്.
പോളവാരിയിരുന്നത് തൊഴിലുറപ്പു തൊഴിലാളികൾ
മുൻ വർഷങ്ങളിൽ തൊഴിലുറപ്പു തൊഴിലാളികളെക്കൊണ്ട് തോട്ടിലെ പോള നീക്കം ചെയ്യിക്കാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ തൊഴിലുറപ്പു പദ്ധതിയിൽ പോളവാരൽ അനുവദനീയമല്ല. പകരം തോടിനടിയിൽനിന്നു കട്ട വാരി തോട്ടുവരമ്പത്ത് വയ്ക്കാനാണ് അനുവദിക്കുന്നത്. ഉണങ്ങിപ്പൊടിയുന്ന കട്ട ഏതാനും ദിവസങ്ങൾക്കുള്ളിൽ തോട്ടിൽത്തന്നെ എത്തിച്ചേരും. തൊഴിലുറപ്പു തൊഴിലാളികളെക്കൊണ്ട് പോള നീക്കം ചെയ്യിച്ചിരുന്നെങ്കിൽ എത്രയോ പ്രയോജനം ലഭിച്ചേനേയെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത് .